സാരി ലവ്വേഴ്സ് സൂക്ഷിക്കുക, സാരിയില്‍ നിന്നും കാൻസര്‍; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍



ക്യാൻസറിന് സാരിയും ഒരു കാരണമാകാമെന്ന് പറയുമ്പോള്‍ അതിശയകരമെന്നു തോന്നാം.

എന്നാല്‍, ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നത് ശരീരത്തില്‍ വസ്ത്രം അതിയായി മുറുക്കി കെട്ടുന്നതും ചർമ്മാർബുദത്തിന് വഴിയൊരുക്കാമെന്നുമാണ്. ഈ രോഗത്തെ "സാരി കാൻസർ" അല്ലെങ്കില്‍ "പെറ്റിക്കോട്ട് കാൻസർ" എന്നാണു വിളിക്കുന്നത്.


വൈദ്യശാസ്ത്ര ഭാഷയില്‍ ഇതിനെ മാജോലിൻ അള്‍സർ (Marjolin's ulcer) എന്നാണ് പറയുന്നത്. സാരി അല്ലെങ്കില്‍ അടിവസ്ത്രം വളരെ മുറുക്കി അരക്കെട്ടില്‍ കെട്ടുന്നത് മൂലം ചർമ്മം ഉരഞ്ഞുപൊട്ടി വ്രണങ്ങള്‍ രൂപപ്പെടുകയും, കാലക്രമേണ അത് കാൻസറായി മാറാനിടയാക്കുകയും ചെയ്യുന്നു. 1940-കളില്‍ ധോതി അല്ലെങ്കില്‍ മുണ്ട് ധരിക്കുന്നവരില്‍ ഇതേ സ്വഭാവമുള്ള അർബുദങ്ങള്‍ കണ്ടെത്തിയതോടെ ഈ അവസ്ഥയെ “സാരി അർബുദം” എന്ന പേരില്‍ പരാമർശിക്കാൻ തുടങ്ങി. ചെറിയ ചൊറിച്ചിലോ നിറമാറ്റമോ തുടങ്ങിയ ചർമ്മപ്രശ്നങ്ങള്‍ അവഗണിക്കുമ്ബോള്‍ അവ തുടർച്ചയായ സമ്മർദ്ദം മൂലം സ്ക്വാമസ് സെല്‍ കാർസിനോമ (Squamous Cell Carcinoma) എന്ന ചർമ്മാർബുദമായി മാറാം.


ഒരു 70 വയസ്സുകാരി സാരി കാൻസറിന് ഇരയായത് കുറച്ച്‌ വർഷങ്ങള്‍ക്കുമുമ്ബാണ്. അവർക്കു അരക്കെട്ടില്‍ വ്രണവും നിറംമാറ്റവുമുണ്ടായിരുന്നു. "ഞാൻ സ്ഥിരമായി സാരി ധരിക്കുമായിരുന്നു. അത് ഇങ്ങനെ അപകടകരമാകുമെന്ന് ഒരിക്കലും കരുതിയില്ല," എന്നായിരുന്നു അവരുടെ പ്രതികരണം.


2014-ല്‍ ചെന്നൈയിലും ബെംഗളൂരുവിലുമായി സമാനമായ കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. 2020-ല്‍ മുംബൈയിലും ഇതേ രോഗം കണ്ടെത്തി. സ്ത്രീകളില്‍ മാത്രമല്ല, സ്ഥിരമായി ധോതി ധരിക്കുന്ന പുരുഷന്മാരിലും ഈ അവസ്ഥ കാണപ്പെടുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.


വിദഗ്ധരുടെ അഭിപ്രായത്തില്‍, സാരിയെ കുറ്റപ്പെടുത്തേണ്ടതില്ല, പ്രധാന കാരണം അരക്കെട്ടില്‍ സ്ഥിരമായി ഉണ്ടാകുന്ന അമിത സമ്മർദ്ദമാണ്. കൂടാതെ, ഇന്ത്യയിലെ ഈർപ്പമുള്ള കാലാവസ്ഥയും വിയർപ്പും ഇതിനെ വഷളാക്കുന്ന ഘടകങ്ങളാണ്.


ഇത് ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍


1. അരക്കെട്ടില്‍ വസ്ത്രങ്ങള്‍ അതിയായി മുറുക്കി കെട്ടുന്നത് ഒഴിവാക്കുക


2. വസ്ത്രധാരണത്തില്‍ വായുസഞ്ചാരത്തിന് പ്രാധാന്യം നല്‍കുക


3. ശരീര ശുചിത്വം കൃത്യമായി പാലിക്കുക


4. അയഞ്ഞ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക


5. സ്ഥിരമായി ഒരേ സ്ഥലത്ത് വസ്ത്രം മുറുക്കിക്കെട്ടുന്നത് ഒഴിവാക്കുക


സാരിയും ധോതിയും ധരിക്കുന്നത് സുരക്ഷിതമാണ്, പക്ഷേ ശരീരത്തിന് സമ്മർദ്ദമില്ലാത്ത രീതിയില്‍ അതിനൊത്ത വസ്ത്രധാരണം പുലർത്തുക മാത്രമേ വേണം. ആരോഗ്യപരമായ ചെറിയ ജാഗ്രതകള്‍ പാലിച്ചാല്‍ ഈ അസുഖം എളുപ്പത്തില്‍ തടയാം.

Post a Comment

Previous Post Next Post